02:59am 23 November 2026
NEWS
തിരുനാവായ മഹാമാഘ മഹോത്സവം ഭിന്നിപ്പില്ലെന്നും മാർഗ്ഗദർശക മണ്ഡലത്തിനൊപ്പമാണെന്നും വിഎച്ച്പി
21/11/2026  08:04 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
തിരുനാവായ മഹാമാഘ മഹോത്സവം ഭിന്നിപ്പില്ലെന്നും മാർഗ്ഗദർശക മണ്ഡലത്തിനൊപ്പമാണെന്നും വിഎച്ച്പി

​കൊച്ചി :  തിരുനാവായയിൽ 2027 ജനുവരിയിൽ നടക്കാനിരിക്കുന്ന മഹാമാഘ മഹോത്സവത്തിന്റെ  സംഘാടനവുമായി ബന്ധപ്പെട്ട് സന്യാസി സമൂഹത്തിലും ഹൈന്ദവ പ്രസ്ഥാനങ്ങളിലും ഭിന്നിപ്പുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) കേരള ഘടകം തള്ളി. കൊച്ചിയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സംസ്ഥാന അധ്യക്ഷൻ കെ.സി. നരേന്ദ്രൻ, ജനറൽ സെക്രട്ടറി അഡ്വ. അനിൽ  വിളയിൽ, ട്രഷറർ കെ. വി രാജേഷ് എന്നിവരാണ് സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്.​വിഎച്ച്പിയുടെ ഗുരുസ്ഥാനത്ത് നിൽക്കുന്ന സന്യാസി ശ്രേഷ്ഠന്മാരുടെ കൂട്ടായ്മയായ 'മാർഗ്ഗദർശക മണ്ഡലത്തിന്റെ' നിർദ്ദേശങ്ങൾക്കനുസരിച്ചായിരിക്കും സംഘടനയും മറ്റ് സംഘപരിവാർ പ്രസ്ഥാനങ്ങളും പ്രവർത്തിക്കുകയെന്ന് നേതാക്കൾ അറിയിച്ചു. സ്വാമി ചിദാനന്ദപുരി അധ്യക്ഷനും സ്വാമി സത്സ്വരൂപാനന്ദ ജനറൽ സെക്രട്ടറിയുമായ കേരള മാർഗ്ഗദർശക മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടികൾക്ക് വിഎച്ച്പിയുടെ പൂർണ്ണ പിന്തുണയും സഹായവും ഉണ്ടാകും. എന്നാൽ സ്ഥലം സമയം ആചാര പദ്ധതികൾ എന്നിവ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും സ്വാഗത സംഘമായിരിക്കും.അതേസമയം, മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിക്കെതിരെ യാതൊരു എതിർപ്പുമില്ലെന്ന് വിഎച്ച്പി വ്യക്തമാക്കി. അദ്ദേഹം കേരളത്തിലെ ആരാധ്യനായ സന്യാസി ശ്രേഷ്ഠനാണെന്നും ജുന അഖാഡയും അതിൻ്റെ നേതൃ സ്ഥാനത്തിരിക്കുന്നവരും കേന്ദ്ര മാർഗ്ഗദർശക മണ്ഡലത്തിന്റെ ഭാഗമാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടി. തൃശ്ശൂർ പൂരത്തിന് പല ചെറുപൂരങ്ങൾ ഒന്നിച്ചുചേരുന്നത് പോലെ, നിളാ തീരത്ത് വ്യത്യസ്ത ആചാരപദ്ധതികളോടെ ഉത്സവങ്ങൾ നടക്കുന്നതിൽ തെറ്റില്ല. കഴിഞ്ഞ വർഷവും ഇത്തരത്തിൽ രണ്ടിടങ്ങളിലായി പരിപാടികൾ നടന്നിരുന്നു. ഹൈന്ദവ ഉയർച്ചക്കു വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായമോ സേവന പ്രവർത്തനങ്ങളോ ആര് ആവശ്യപ്പെട്ടാലും അത് ചെയ്തു നൽകാൻ വിഎച്ച്പി പ്രവർത്തകർ തയ്യാറാണ്. രാഷ്ട്രീയത്തിലെ ഗ്രൂപ്പ് വഴക്ക് പോലെയുള്ള പുറത്താക്കലുകളോ ഭിന്നിപ്പോ സന്യാസി സമൂഹത്തിലില്ലെന്നും നേതാക്കൾ പറഞ്ഞു.​സന്യാസിമാരെയും സംഘപരിവാർ നേതൃത്വത്തെയും സമൂഹത്തിന് മുന്നിൽ അവഹേളിക്കാനും ഭിന്നിപ്പുണ്ടെന്ന് വരുത്തിത്തീർക്കാനും ചില അജ്ഞാത കേന്ദ്രങ്ങളിൽ നിന്ന് ഡിജിറ്റൽ പോസ്റ്ററുകളിലൂടെയും നവമാധ്യമങ്ങളിലൂടെയും ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വിഎച്ച്പി ആരോപിച്ചു. മഹാമാഘ മഹോത്സവം ആരംഭിക്കുന്നതിന് മുന്നോടിയായി എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ട് മുന്നോട്ട് പോകാനുള്ള ശ്രമങ്ങൾ ഇനിയും തുടരുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
​

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img